സിനിമയിലെന്നപോലെ തന്നെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആത്മീയ ജീവിതവും ആരാധകർക്കിടയിൽ ഏറെ ചർച്ചയാകാറുണ്ട്. തിരക്കുകൾക്കിടയിലും വർഷത്തിലൊരിക്കൽ ഹിമാലയൻ യാത്ര നടത്തുന്ന ശീലം അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ അഹങ്കാരത്തെ തകർത്തു കളഞ്ഞ ഒരു സംഭവത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ബംഗളൂരുവിൽ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് രജനികാന്ത് ഇക്കാര്യം പങ്കുവെച്ചത്.
ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിലെ ശാന്തമായ അന്തരീക്ഷം തന്നെ ഏറെ ആകർഷിച്ചുവെന്ന് രജനികാന്ത് പിടിഐയോട് പറഞ്ഞു. "ഈ ആശ്രമത്തിൽ താമസിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടമാണ്. അവിടെയുള്ള പച്ചപ്പും തടാകങ്ങളും മൃഗങ്ങളും എല്ലാം എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം രണ്ട് ദിവസം മാത്രം താമസിക്കാൻ ഉദ്ദേശിച്ച താൻ, അവിടുത്തെ സമാധാനം കാരണം 15 ദിവസമാണ് അവിടെ ചിലവഴിച്ചത്. ഹിമാലയത്തിന് ശേഷം തനിക്ക് ഇത്രയധികം ആശ്വാസം ലഭിച്ച മറ്റൊരു സ്ഥലം വേറെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ അഹങ്കാരം തകർന്ന നിമിഷത്തെക്കുറിച്ച് രജനികാന്ത് പറയുന്നത് ഇങ്ങനെയാണ്: "ഗുരുദേവനോടൊപ്പം ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത ഒരു ദർശനത്തിന് ഞാൻ പോയിരുന്നു. അവിടെ ധാരാളം തമിഴ് ആളുകൾ ഉണ്ടായിരുന്നു. ഞാൻ കരുതിയത് അവർ എല്ലാവരും എന്നെ ശ്രദ്ധിക്കുമെന്നാണ്. എന്നാൽ സത്യം പറയാലോ, അവിടെ നിന്ന ഒരാൾ പോലും എന്നെ നോക്കിയില്ല. ഞാൻ കൈവീശി കാണിച്ചിട്ടും ആരും എന്നെ കണ്ടില്ല. ഞാൻ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷേ ഈ സംഭവം എന്റെ അഹങ്കാരത്തെ പൂർണ്ണമായും തകർത്തു."
ഈ അനുഭവം തന്റെ ചിന്താഗതിയെ വലിയ രീതിയിൽ സ്വാധീനിച്ചുവെന്നും രജനികാന്ത് പറഞ്ഞു. "ആ സംഭവം ആദ്യം എന്നെ അസ്വസ്ഥനാക്കി. എന്നാൽ ആ ദിവസം ആത്മീയതയുടെ യഥാർത്ഥ ശക്തി എന്താണെന്ന് ഞാൻ മനസ്സിലാക്കി. താരപദവി എന്നത് വരികയും പോവുകയും ചെയ്യുന്ന ഒന്നാണ്," അദ്ദേഹം പറഞ്ഞു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലളിതമായ ജീവിതദർശനം പുലർത്തുന്ന രജനികാന്തിന്റെ ഈ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
Photo and News Source: Samakalika Malayalam










