കിളിമാനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വനപ്രദേശങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന മയിലുകൾ ഇപ്പോൾ നാട്ടിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്തിന് പിന്നാലെ മയിലുകളും കാടിറങ്ങിയതോടെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. നേരത്തെ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ, ഇപ്പോൾ മയിലുകൾ ചീര ഉൾപ്പെടെയുള്ള പച്ചക്കറികൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ തലവേദനയായി മാറിയിരിക്കുന്നു.

തുടക്കത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള കൂട്ടങ്ങളായെത്തുന്ന മയിലുകൾക്ക് നാട്ടുകാർ പഴങ്ങളും ധാന്യങ്ങളും നൽകിയിരുന്നു. എന്നാൽ, മനുഷ്യരോട് ഇണങ്ങിയ മയിലുകൾ ഇപ്പോൾ വീടുകൾക്കുള്ളിൽ കയറി ധാന്യങ്ങൾ ഭക്ഷിക്കുകയും കോഴികൾക്കൊപ്പം നടക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. മഴക്കാറ് കാണുമ്പോൾ വീടുകളുടെ ടെറസിന് മുകളിൽ കയറി നൃത്തം ചെയ്യുന്ന മയിലുകൾ കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കാവുകളിലും പൊന്തക്കാടുകളിലും മുട്ടയിട്ട് കുഞ്ഞുങ്ങളുമായി എത്തുന്ന മയിലുകളെ തുരത്താൻ കഴിയാതെ വലയുകയാണ് നാട്ടുകാർ.

ദേശീയ പക്ഷിയായ മയിലുകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും നിയമപ്രകാരം കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മയിലുകളെ ഉപദ്രവിച്ചാൽ ഏഴ് വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാം. ഈ നിയമപരമായ തടസ്സം കാരണം മയിലുകളെ ഓടിക്കാനോ പ്രതിരോധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. ഒച്ച്, അട്ട, ചെറുപാമ്പുകൾ എന്നിവയെ ഭക്ഷിക്കുന്ന മയിലുകൾ ഇപ്പോൾ കൃഷിയിടങ്ങളിലെ പ്രധാന ശല്യക്കാരായി മാറിയിരിക്കുകയാണ്.

Photo and News Source: Kerala Kaumudi Latest