വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ടിക്കറ്റ് മെഷീനുകളില്‍ ജെന്‍ഡര്‍ ടിക്കറ്റ് സംവിധാനം പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും, ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രമേ ഉണ്ടാകൂ എന്നും കെഎസ്ആര്‍ടിസി സിഎംഡി പ്രമോദ് ശങ്കര്‍ വ്യക്തമാക്കി.
യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അധികൃതര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. വകുപ്പ് മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു ഡേറ്റ ശേഖരണം നടത്തിയത് സര്‍ക്കാരിനെതിരെയുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടത് ഉദ്യോഗസ്ഥരെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
വിവരശേഖരണത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തതയില്ലാത്ത സര്‍ക്കുലര്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും അധികൃതരെ ആശങ്കയിലാക്കി. ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ നിയമപ്രകാരം, വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യം, ഉപയോഗം, വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലാവധി എന്നിവ വ്യക്തമാക്കേണ്ടതുണ്ട്. എന്നാല്‍, മേയ് എട്ടിലെ ഉത്തരവില്‍ ഇത്തരം കാര്യങ്ങളൊന്നും പരാമര്‍ശിച്ചിരുന്നില്ല.
Photo and News Source: Samakalika Malayalam










