തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. ടിവികെ സർക്കാരിന് അനുകൂലമായി 144 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ, 22 പേർ മാത്രമാണ് പ്രമേയത്തെ എതിർത്തത്. ഡിഎംകെ, ബിജെപി, പിഎംകെ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു.

ടിവികെയുടെ സ്വന്തം 105 അംഗങ്ങൾക്ക് പുറമെ കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2), മുസ്ലിം ലീഗ് (2), വിസികെ (2), എഎംഎംകെ (1) എന്നിവരും സർക്കാരിനെ പിന്തുണച്ചു. എഐഎഡിഎംകെയിലെ വിമത വിഭാഗത്തിൽപ്പെട്ട 25 എംഎൽഎമാരുടെ പിന്തുണയാണ് സർക്കാരിന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചത്. സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം നേരത്തെ തന്നെ ടിവികെയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി തന്റെ പാർട്ടിയുടെ 47 എംഎൽഎമാർക്കും ടിവികെയ്‌ക്കെതിരെ വോട്ട് ചെയ്യാൻ വിപ്പ് നൽകിയിരുന്നു. എന്നാൽ, വിമത വിഭാഗം ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു. നാല് ദിവസത്തെ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ അധികാരം ഉറപ്പിച്ചത്.

Photo and News Source: Janmabhumi