തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ഓഫീസിൽ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായും ഇദ്ദേഹത്തെ നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു, ഇത് നാളെ പരിഗണിക്കാനിരിക്കെയാണ് സർക്കാർ അപ്രതീക്ഷിതമായി ഉത്തരവ് പിൻവലിച്ചത്.
റിക്കി പണ്ഡിറ്റിന്റെ നിയമനത്തിനെതിരെ ടിവികെയുടെ സഖ്യകക്ഷികളായ കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മതേതരത്വത്തിനും ശാസ്ത്രീയ ബോധത്തിനും വിരുദ്ധമാണ് ഈ നിയമനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. ഇന്നലെ പുറത്തിറങ്ങിയ നിയമന ഉത്തരവ് വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെയാണ് സർക്കാർ പിൻവാങ്ങാൻ നിർബന്ധിതരായത്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും ടിവികെയുടെ വിജയവും മുൻകൂട്ടി പ്രവചിച്ച വ്യക്തിയാണ് റിക്കി പണ്ഡിറ്റ്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന ഇദ്ദേഹം, പിന്നീട് ടിവികെയുടെ വക്താവായി പ്രവർത്തിച്ചു വരികയായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ റിക്കി പണ്ഡിറ്റിന് വലിയ സ്വാധീനമുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വിവാദങ്ങൾ കനത്തതോടെ സഖ്യകക്ഷികളുടെ അതൃപ്തി പരിഹരിക്കാനാണ് വിജയ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Photo and News Source: Kerala Kaumudi Latest









