രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യശേഖരം സംരക്ഷിക്കുന്നതിനുമായി സ്വർണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമായാണ് ഉയർത്തിയത്. ഇതിനുപുറമെ അഞ്ച് ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ് കൂടി ഏർപ്പെടുത്തിയതോടെ ആകെ നികുതി 15 ശതമാനമായി വർധിച്ചു. നേരത്തെ ഇത് ആറ് ശതമാനമായിരുന്നു.
അസംസ്‌കൃത എണ്ണയ്ക്കും സ്വർണത്തിനും വേണ്ടി വലിയ തോതിൽ ഡോളർ ചെലവാകുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു കർശന നടപടിയിലേക്ക് നീങ്ങിയത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച തടയുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ, സ്വർണ ഉപഭോഗം കുറയ്ക്കണമെന്നും കുറഞ്ഞത് ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു.
ഈ നികുതി വർധനവ് നിലവിൽ തന്നെ റെക്കോർഡ് വിലയിൽ തുടരുന്ന സ്വർണ വിപണിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്വർണവിലയിൽ കൂടുതൽ വർധനവ് ഉണ്ടായേക്കാം. സ്വർണത്തിന് പുറമെ ഷെഡ്യൂൾ 200ൽ ഉൾപ്പെട്ട മറ്റ് വിലകൂടിയ ലോഹങ്ങളുടെ വിലയും ഉയരാൻ സാധ്യതയുണ്ട്. വിപണിയിലെ ഈ മാറ്റം സാധാരണക്കാരെയും സ്വർണാഭരണ വിപണിയെയും കാര്യമായി ബാധിക്കും.
Photo and News Source: Siraj Live










