വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ഉപകരിക്കുന്ന രീതിയിൽ ഇരുപതിലധികം പുതിയ ഉൽപ്പന്നങ്ങളും പരിഹാരങ്ങളും എച്ച്‌പി ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. വ്യക്തിഗത കംപ്യൂട്ടറുകൾ, പ്രിന്റിംഗ് സംവിധാനങ്ങൾ, വർക്ക്ഫോഴ്‌സ് സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പുതിയ നിര. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസൃതമായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ആകർഷണം ലോകത്തിലെ ആദ്യത്തെ എഐ കീബോർഡ് പിസിയായ 'എച്ച്‌പി എലീറ്റ് ബോർഡ് ജി 1എ' (HP EliteBook G1a) ആണ്. കൂടാതെ, ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന 'എച്ച്‌പി ഓമ്‌നിപാഡ് 12' (HP OmniPad 12) ടാബ്‌ലറ്റും ശ്രദ്ധേയമാണ്. ഇവ കൂടാതെ എലീറ്റ്ബുക്ക് എക്‌സ് ജി2, പ്രോബുക് 4 ജി2, ഓമ്‌നിബുക്ക് അൾട്രാ 14 തുടങ്ങി നിരവധി എഐ പിസി മോഡലുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
എച്ച്‌പി ഐക്യു, എച്ച്‌പി നിയർസെൻസ്, എഐ ഒപ്‌ടിമൈസ് പ്രിന്‍റ് ഫോർമാറ്റിങ് തുടങ്ങിയ നൂതന എഐ സവിശേഷതകൾ ഈ ഉപകരണങ്ങളിൽ ലഭ്യമാണ്. ഇത് ഡോക്യുമെന്റ് വിശകലനം, മീറ്റിംഗ് നോട്ടുകൾ തയ്യാറാക്കൽ, വേഗത്തിലുള്ള കണക്റ്റിവിറ്റി, മെച്ചപ്പെട്ട പ്രിന്റിംഗ് അനുഭവം എന്നിവ ഉറപ്പാക്കുന്നു. ഉപയോക്താക്കളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഈ സാങ്കേതികവിദ്യകൾ സഹായിക്കും.
പുതിയ ഉൽപ്പന്നങ്ങളുടെ വില വിവരങ്ങളും കമ്പനി പുറത്തുവിട്ടു. എച്ച്‌പി ഓമ്‌നിപാഡ് 48,999 രൂപ മുതലും, എച്ച്‌പി എലീറ്റ് ബോർഡ് ജി 1എ 1,35,714 രൂപ മുതലും ലഭ്യമാകും. ഓമ്‌നിബുക്ക് അൾട്രാ 14-ന് 1,89,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. എച്ച്‌പി വേൾഡ്, ഓൺലൈൻ സ്റ്റോറുകൾ, ആമസോൺ, റിലയൻസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ഉപകരണങ്ങൾ സ്വന്തമാക്കാം.
Photo and News Source: Asianet News










