മഹാരാഷ്ട്രയിലെ സാങ്‌ലി ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ ആറ് തീർത്ഥാടകർക്ക് ദാരുണാന്ത്യം. ജാട്ട് താലൂക്കിലെ മോട്ടെവാടി ഗ്രാമത്തിലുള്ള ശ്രീ മർഗുബായ് ദേവി ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് ഒമ്പത് അടി ഉയരമുള്ള മതിൽ തകർന്നു വീണത്.

ശങ്കർ ആബ ലോഖണ്ഡെ (80), മംഗൾ ഭാവുസാഹേബ് മോറെ (45), സംഗീത റാം ചൗധരി (42), അരുൺ വിഷ്ണു ഗെജ്‌ഗെ (14), സോണിയ ലക്ഷ്മൺ ഗെജ്‌ഗെ (14), കൊണ്ടിബ റൗബ ഗെജ്‌ഗെ (65) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ കർണാടക സ്വദേശികളാണ്. ശക്തമായ കാറ്റിൽ ക്ഷേത്രത്തിന് സമീപത്തെ തകരഷീറ്റുകൾ പറന്നുവന്ന് മതിലിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.

രണ്ടു വർഷം മുമ്പ് തീർത്ഥാടകർക്ക് വിശ്രമിക്കാനായി വെട്ടുകല്ല് ഉപയോഗിച്ച് നിർമ്മിച്ച മതിലാണ് തകർന്നത്. അപകടസമയത്ത് ഏകദേശം 350 ഓളം തീർത്ഥാടകർ ക്ഷേത്രപരിസരത്തുണ്ടായിരുന്നുവെന്ന് സാങ്‌ലി പൊലീസ് സൂപ്രണ്ട് തുഷാർ ദോഷി വ്യക്തമാക്കി. മഴയിൽ നിന്ന് രക്ഷപ്പെടാനായി മതിലിനോട് ചേർന്ന് അഭയം പ്രാപിച്ചവരാണ് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ജാട്ട്, മിറാജ്, കർണാടകയിലെ വിജയപുര എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നിർമ്മാണത്തിലെ അപാകതയാണോ അതോ കാറ്റിന്റെ ശക്തിയാണോ അപകടത്തിന് വഴിവെച്ചതെന്ന് അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Photo and News Source: Kerala Kaumudi Latest