തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഭരണപരമായ നടപടികളിൽ വേഗത കൈവരിക്കുകയാണ് ജോസഫ് വിജയ്. സംസ്ഥാനത്തെ 717 മദ്യശാലകൾ പൂട്ടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ സിനിമാ മേഖലയ്ക്ക് ആശ്വാസമേകുന്ന മറ്റൊരു തീരുമാനവും അദ്ദേഹം കൈക്കൊണ്ടിരിക്കുകയാണ്. സൂര്യയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന ആർ.ജെ. ബാലാജി ചിത്രം 'കറുപ്പിന്' രാവിലെ 9 മണിക്ക് പ്രദർശനം തുടങ്ങാൻ പ്രത്യേക അനുമതി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി.
ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് തങ്ങളുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'കറുപ്പ്' സിനിമയുടെ 9 മണി ഷോകൾക്ക് പ്രത്യേക അനുമതി നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരു ജോസഫ് വിജയ്‌യോട് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നുവെന്നും, മെയ് 14-ന് രാവിലെ 9 മണി മുതൽ ആദ്യ ഷോകൾ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. സംവിധായകൻ ആർ.ജെ. ബാലാജിയും ഈ സന്തോഷവാർത്ത പങ്കുവെച്ചിട്ടുണ്ട്.
കറുപ്പുസ്വാമി എന്ന ടൈറ്റിൽ കഥാപാത്രമായി സൂര്യ എത്തുമ്പോൾ, ആർ.ജെ. ബാലാജിയും തൃഷയും അഭിഭാഷകരായാണ് വേഷമിടുന്നത്. 2005-ൽ പുറത്തിറങ്ങിയ 'ആറു' എന്ന ചിത്രത്തിന് ശേഷം 21 വർഷത്തെ ഇടവേള കഴിഞ്ഞ് സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മെയ് 14-ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ഇതിനകം 4.45 കോടി രൂപ ലഭിച്ചുകഴിഞ്ഞു.
തമിഴ്‌നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ വൻകിട ചിത്രങ്ങളുടെ അതിരാവിലെ ഷോകൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്. 2023-ലെ പൊങ്കൽ റിലീസുകൾക്കിടെയുണ്ടായ സംഭവങ്ങളെത്തുടർന്നാണ് പുലർച്ചെയുള്ള ഷോകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് 'കറുപ്പിന്' ലഭിച്ച പ്രത്യേക അനുമതി സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്.
Photo and News Source: Janmabhumi










