തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ, സംസ്ഥാനത്തെ ജനപ്രിയ തീരുമാനങ്ങളുമായി മുന്നേറുകയാണ് സി. ജോസഫ് വിജയ്. അധികാരമേറ്റ ഉടൻ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 മദ്യവിൽപന ശാലകൾ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഹരി മാഫിയക്കെതിരെയും മദ്യപാനത്തിനെതിരെയും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് വിജയ് ഈ നിർണ്ണായക ഫയലിൽ ഒപ്പുവെച്ചത്. വിജയ്യുടെ ഈ തീരുമാനത്തെ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മദ്യവിൽപന സർക്കാരിന്റെ ഉത്തരവാദിത്തമാകരുതെന്ന് ഓർമ്മിപ്പിച്ച കമൽഹാസൻ, ഇതൊരു മികച്ച തുടക്കമാണെന്നും കൂടുതൽ മദ്യശാലകൾ പൂട്ടണമെന്നും ആവശ്യപ്പെട്ടു. തമിഴ് കുടുംബങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നടൻ വിശാൽ വീഡിയോ സന്ദേശത്തിലൂടെ വിജയ്യെ അഭിനന്ദിച്ചു. സ്‌കൂളുകൾക്ക് സമീപമുള്ള മദ്യശാലകൾ കാരണം പെൺകുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹം എടുത്തുപറഞ്ഞു. 'പ്രിയപ്പെട്ട മുഖ്യമന്ത്രി ജോസഫ് വിജയ്, 717 വൈൻ ഷോപ്പുകൾ അടച്ചുപൂട്ടാനുള്ള പ്രഖ്യാപനത്തിന് നന്ദി. ഒരുപാട് പെൺകുട്ടികൾ ഇതിനാൽ ദുരിതമനുഭവിക്കുന്നുണ്ടായിരുന്നു. നിങ്ങളോടും സർക്കാരിനും സല്യൂട്ട്,' വിശാൽ പറഞ്ഞു. ഈ തീരുമാനം സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
തമിഴക വെട്രി കഴകം (TVK) നേതാവായ വിജയ്, 234 സീറ്റുകളിൽ 108 സീറ്റുകൾ നേടിയാണ് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവുണ്ടായിരുന്നെങ്കിലും കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിടുതലൈ ചിരുതൈഗൽ കച്ചി (VCK) എന്നിവരുടെ പിന്തുണയോടെയാണ് അദ്ദേഹം ഭരണം ഉറപ്പിച്ചത്. ജനക്ഷേമകരമായ തീരുമാനങ്ങളിലൂടെ തമിഴ്‌നാടിന്റെ മുഖച്ഛായ മാറ്റാനാണ് വിജയ് ലക്ഷ്യമിടുന്നത്.
Photo and News Source: Malayali Life










