ആഡംബര എസ്‌യുവി വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ലാൻഡ് റോവർ തങ്ങളുടെ ഏറ്റവും കരുത്തുറ്റ മോഡലായ റേഞ്ച് റോവർ സ്പോർട്ട് SV ഇന്ത്യയിൽ അവതരിപ്പിച്ചു. റേഞ്ച് റോവർ സ്പോർട്ട് ശ്രേണിയിൽ ഒരു പ്യുവർ SV മോഡൽ ആദ്യമായാണ് ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പനയ്ക്ക് എത്തുന്നത്. 2.05 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ ആഡംബര വാഹനം വിപണിയിലെത്തിയിരിക്കുന്നത്.

മുമ്പ് പരിമിതമായ അളവിൽ മാത്രം വിറ്റിരുന്ന 'എഡിഷൻ ടു' (Edition Two) മോഡലിനേക്കാൾ 30 ലക്ഷം രൂപ കുറവാണ് പുതിയ വാഹനത്തിന് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) പുതിയ നികുതി ഘടനയാണ് ഈ വിലക്കുറവിന് വഴിയൊരുക്കിയത്. വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2026 ഓഗസ്റ്റ് മുതൽ ഉപഭോക്താക്കൾക്ക് ഡെലിവറി ലഭ്യമായി തുടങ്ങും.

ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി തയ്യാറാക്കിയ അഞ്ച് ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാണ്. ഗ്രീൻ ഇൻ സാറ്റിൻ, ഓറഞ്ച് ഇൻ മാറ്റ്, ബ്ലൂ ഇൻ ഗ്ലോസ്, വയലറ്റ് ഇൻ മാറ്റ്, ടീൽ ഇൻ ഗ്ലോസ് എന്നിവയാണവ. ഇതിനൊപ്പം കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫും 22 ഇഞ്ച് ഫോർജ്ഡ് അലോയ് വീലുകളും നൽകിയിട്ടുണ്ട്. ക്വാഡ് എക്സ്ഹോസ്റ്റ് പൈപ്പുകൾ, റിയർ സ്പോയിലർ, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകൾ എന്നിവ വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു.

അകത്തളത്തിൽ അത്യാധുനികമായ 'ബോഡി ആൻഡ് സോൾ' സീറ്റുകളാണ് പ്രധാന ആകർഷണം. ലൈറ്റ് ക്ലൗഡ്, എബണി പെർഫൊറേറ്റഡ് വിൻഡ്സർ ലെതർ ഫിനിഷിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. സ്ലൈഡിംഗ് പനോരമിക് റൂഫ്, മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റം എന്നിവയും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. 4.4 ലിറ്റർ ട്വിൻ-ടർബോ V8 മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

ഈ എഞ്ചിൻ 635 bhp പവറും 750 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. വെറും 3.8 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും. മികച്ച ഡ്രൈവിംഗ് നിയന്ത്രണത്തിനായി '6D ഡയനാമിക്സ്' സസ്പെൻഷൻ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മികച്ച പെർഫോമൻസ് വാഹനങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡെന്ന് ജെഎൽആർ (JLR) ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ അംബ വ്യക്തമാക്കി.

Photo and News Source: DriveSpark