കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ രൂക്ഷമായ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപം പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും, വയനാട് മണ്ഡലം അടുത്ത അമേഠിയായി മാറുമെന്നും പോസ്റ്ററിൽ മുന്നറിയിപ്പ് നൽകുന്നു.
കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ മാത്രമാണെന്നും, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും പോസ്റ്ററുകളിൽ പറയുന്നു. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കണമെന്നും, ഇനി ഇവിടെ വിജയിക്കാൻ കഴിയില്ലെന്നും പോസ്റ്ററിൽ വെല്ലുവിളിയുണ്ട്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ തെരുവിലേക്ക് എത്തിയതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ഡൽഹിയിൽ നടന്ന നിർണായക ചർച്ചകളിൽ ഹൈക്കമാൻഡ് വിളിപ്പിച്ച ഭൂരിഭാഗം നേതാക്കളും കെസി വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. എന്നാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തനിക്ക് മുൻവിധികളില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കമാൻഡിന്റെ പ്രഖ്യാപനം ഉച്ചയ്ക്ക് മുൻപ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഈ സംഭവവികാസങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Photo and News Source: Kerala Kaumudi Latest










