ഈ വർഷം തുടക്കം മുതൽ തന്നെ സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവില ഒരു ലക്ഷം രൂപ കടന്നിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഉൾപ്പെടെയുള്ള ആഗോള ഘടകങ്ങൾ സ്വർണവിലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,920 രൂപയും ഒരു ഗ്രാമിന് 14,115 രൂപയുമായിരുന്നു നിരക്ക്.

എന്നാൽ, ഇന്നലത്തെ വിലയിൽ നിന്നും വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 10,200 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 1,23,120 രൂപയായി ഉയർന്നു. സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചതാണ് വില കുത്തനെ ഉയരാൻ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

തുടർച്ചയായി സ്വർണവില ഉയരുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. ഇറക്കുമതി തീരുവയിലെ മാറ്റങ്ങൾ വിപണിയിൽ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.

Photo and News Source: Kairali News