മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ചന്ദ്രലേഖ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ താരം ബോളിവുഡിലും സജീവമായിരുന്നു. എന്നാൽ, തന്റെ ഉയരക്കൂടുതൽ കരിയറിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നതായി താരം വെളിപ്പെടുത്തുന്നു. ഹാർപേഴ്സ് ബസാർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൂജ തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചത്.

തന്നേക്കാൾ മുമ്പ് സിനിമയിലെത്തിയ സംഗീത ബിജ്‌ലാനിയും സമാനമായ അനുഭവം പങ്കുവെച്ചിരുന്നതായി പൂജ ഓർക്കുന്നു. "നിനക്ക് ഉയരം കൂടുതലായതിനാൽ സിനിമയിൽ അവസരം കിട്ടില്ല" എന്ന് സംഗീത തന്നോട് പറഞ്ഞിരുന്നു. താൻ ഏറെ ആരാധിക്കുന്ന സംഗീത ബിജ്‌ലാനിക്ക് പോലും ഉയരത്തിന്റെ പേരിൽ മികച്ച അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. താനും സംഗീതയും ഉൾപ്പെടെയുള്ളവർ പിന്നീട് വന്ന സുസ്മിത സെന്നിനും ദീപിക പദുക്കോണിനും വഴിയൊരുക്കുകയായിരുന്നുവെന്നും പൂജ കൂട്ടിച്ചേർക്കുന്നു.

സിനിമകളിൽ നായകന്മാരേക്കാൾ ഉയരം കൂടുതലായി തോന്നാതിരിക്കാൻ പല വിട്ടുവീഴ്ചകളും തനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ക്ലോസ് അപ്പ് ഷോട്ടുകളിൽ നായകന് ഉയരമുണ്ടെന്ന് തോന്നിപ്പിക്കാൻ കാലുകൾ വളച്ചുനിർത്തേണ്ടി വരികയും, ഉയരം കുറവായി തോന്നിക്കുന്ന വസ്ത്രങ്ങൾ ധരിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഉയരം കാരണം പല മികച്ച വേഷങ്ങളും തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് താരം വേദനയോടെ ഓർക്കുന്നു.

എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു സൽമാൻ ഖാൻ എന്ന് പൂജ പറയുന്നു. സൽമാൻ ഖാന് തന്റെ ഉയരത്തിൽ യാതൊരു അലോസരവും തോന്നിയിരുന്നില്ല. "നീ ധൈര്യമായി ഹീൽസ് ധരിച്ചോളൂ, എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല" എന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ഉയരത്തിന്റെ കാര്യത്തിൽ സൽമാൻ ഖാൻ കാണിച്ച ആത്മവിശ്വാസം വലിയൊരു ആശ്വാസമായിരുന്നുവെന്നും പൂജ ബത്ര വ്യക്തമാക്കി.

Photo and News Source: Samakalika Malayalam