കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ മുസ്ലീം ലീഗ് നടത്തുന്ന ഇടപെടലുകളിൽ ക്രൈസ്തവ സഭകൾക്ക് കടുത്ത അതൃപ്തി. കോൺഗ്രസ് നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ തീവ്ര നിലപാടുള്ള ചില സംഘടനകൾക്കായി ലീഗ് വഴിവിട്ട നീക്കങ്ങൾ നടത്തുന്നുവെന്നാണ് സഭകളുടെ പ്രധാന ആരോപണം.
നിയുക്ത എം.എൽ.എമാരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ വീഡിയോകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിനു പിന്നിൽ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളാണെന്നും സഭകൾ ആരോപിക്കുന്നു. ഇത്തരം അജണ്ടകൾക്ക് കോൺഗ്രസ് നേതൃത്വം തടയിടണമെന്നും സഭകൾ ആവശ്യപ്പെടുന്നു. ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ലോബിയിങ് നടത്തുന്നത് ജനാധിപത്യപരമല്ലെന്ന് ഫാദർ ഫിലിപ്പ് കവിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
'നീതിയും നിയമവാഴ്ചയും നടപ്പിലാകണം. ജനങ്ങൾ ആഗ്രഹിച്ചത് യു.ഡി.എഫ് ഭരിക്കണമെന്നാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം കോൺഗ്രസിനാണ്. തീരുമാനമെടുക്കാൻ വൈകിയാലും എല്ലാവരുമായും ചർച്ച നടത്തി സമവായത്തിൽ എത്തുന്നതാണ് ഉചിതം. പെട്ടെന്നുള്ള തീരുമാനങ്ങൾ പ്രകോപനങ്ങൾക്ക് വഴിവെച്ചേക്കാം. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ എല്ലാവരും അംഗീകരിക്കാൻ തയ്യാറാകണം. കേരളത്തിന് അനുയോജ്യമായ ഒരു മുഖ്യമന്ത്രിയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുക്കുമെന്നതിൽ സംശയമില്ല,' ഫാദർ ഫിലിപ്പ് കവിയിൽ കൂട്ടിച്ചേർത്തു.
Photo and News Source: Samakalika Malayalam









