മലയാള സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് മീര വാസുദേവ്. മോഹൻലാൽ നായകനായ 'തന്മാത്ര' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം, പിന്നീട് ടെലിവിഷൻ രംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. അഭിനയജീവിതത്തിൽ തിളങ്ങുമ്പോഴും തന്റെ വ്യക്തിജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് താരം തുറന്നു സംസാരിക്കാറുണ്ട്.

ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മൂന്ന് വിവാഹങ്ങളെക്കുറിച്ചും അതിനായി ചിലവഴിച്ച വർഷങ്ങളെക്കുറിച്ചും മീര മനസ്സ് തുറന്നത്. മൂന്ന് മണ്ടൻ വിവാഹങ്ങൾക്കായി താൻ തന്റെ ജീവിതത്തിലെ 17 വർഷങ്ങളാണ് വെറുതെ കളഞ്ഞതെന്ന് താരം പറയുന്നു. ഈ സമയം കൊണ്ട് തനിക്ക് ഏറെ കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും മീര കൂട്ടിച്ചേർത്തു.

തന്റെ മകനോട് ഇക്കാര്യം പറയാറുണ്ടെന്ന് വ്യക്തമാക്കിയ മീര, "ബുദ്ധിപരമായി ചിന്തിച്ചിരുന്നെങ്കിൽ ആ സമയം കൊണ്ട് സിനിമ, ഫിറ്റ്‌നസ്, മികച്ച സൗഹൃദങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു" എന്ന് അഭിപ്രായപ്പെട്ടു. തന്റെ ജീവിതം കൊണ്ട് ഇതിലും എത്രയോ വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും എന്നാൽ അത് നഷ്ടപ്പെട്ടുവെന്നും താരം വേദനയോടെ ഓർക്കുന്നു.

തന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാമായിരുന്നുവെന്നും, എന്നാൽ മറ്റുള്ളവർക്ക് വേണ്ടി ആ സമയം പാഴാക്കിപ്പോയെന്നും മീര പറയുന്നു. തന്നെ വിലകുറച്ചു കാണുകയും ബഹുമാനിക്കാതിരിക്കുകയും ചെയ്തവർക്ക് വേണ്ടി ഇത്രയധികം സമയം കളഞ്ഞതിൽ തനിക്ക് ഖേദമുണ്ടെന്നും താരം വ്യക്തമാക്കി.

Photo and News Source: Samakalika Malayalam