പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന നടുവേദന ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും ഉള്ള യുവാക്കളിൽ വലിയൊരു ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ദൈനംദിന ജീവിതശൈലിയിലെ ചെറിയ ശീലങ്ങൾ പോലും നട്ടെല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. മണിക്കൂറുകളോളം ഡെസ്‌കിലിരുന്ന് ജോലി ചെയ്യുന്നത് നട്ടെല്ലിന് അമിതഭാരം നൽകുകയും, അത് താങ്ങിനിർത്തുന്ന പേശികളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാലക്രമേണ നട്ടെല്ലിലെ ഡിസ്‌കുകളിൽ തേയ്മാനം സംഭവിക്കാൻ കാരണമാകുന്നു.

ചലനങ്ങളില്ലാത്ത ജീവിതശൈലി നട്ടെല്ലിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു. പേശികൾ ബലഹീനമാകുമ്പോൾ ചെറിയ ജോലികൾ പോലും നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. കൂടാതെ, ജിമ്മിൽ പോകുന്ന യുവാക്കൾ ശരിയായ മാർഗനിർദേശങ്ങളില്ലാതെ വ്യായാമം ചെയ്യുന്നത് നട്ടെല്ലിന് ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ശരീരത്തിന്റെ മധ്യഭാഗത്തുള്ള അമിതഭാരം നട്ടെല്ലിന്റെ സ്വാഭാവിക ബാലൻസ് തെറ്റിക്കുകയും നടുഭാഗത്ത് സ്ഥിരമായ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തതും ശരീരത്തിന് സ്വയം സുഖപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു.

ഭൂരിഭാഗം നടുവേദനകളും ജീവിതശൈലി മാറ്റങ്ങളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ, മൂന്നോ നാലോ ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വേദന, കാലുകളിലേക്ക് വ്യാപിക്കുന്ന വേദന, ശരീരഭാഗങ്ങളിൽ മരവിപ്പ്, തരിപ്പ് അല്ലെങ്കിൽ ബലഹീനത, രാത്രിയിൽ വേദന മൂലം ഉറക്കം തടസ്സപ്പെടുക, കാരണമില്ലാതെ ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. നടുവേദനയെ നിസാരമായി കാണാതെ കൃത്യസമയത്ത് ശ്രദ്ധിക്കുന്നത് ഭാവിയിലെ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Photo and News Source: Sathyam Online