പ്രതിരോധ മേഖലയിൽ ചരിത്രപരമായ നേട്ടം കൈവരിച്ച് ഇന്ത്യ. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് ശേഷം സ്ക്രാംജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണിത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടെ ഇന്ത്യയുടെ മിസൈലുകൾക്ക് നിലവിലെ ബ്രഹ്മോസ് മിസൈലുകളേക്കാൾ രണ്ടിരട്ടി മുതൽ മൂന്നിരട്ടി വരെ വേഗത കൈവരിക്കാൻ സാധിക്കും.

ഏറ്റവും പുതിയ പരീക്ഷണത്തിൽ ഇന്ത്യ ഒരു ഹൈപ്പർസോണിക് സ്ക്രാംജെറ്റ് എഞ്ചിൻ തുടർച്ചയായി 1200 സെക്കൻഡ് അഥവാ 20 മിനിറ്റോളം പ്രവർത്തിപ്പിച്ചു. 2026 ജനുവരിയിൽ നടത്തിയ പരീക്ഷണത്തിൽ 700 സെക്കൻഡ് മാത്രമായിരുന്നു നേട്ടം കൈവരിക്കാനായത്. മെയ് 9-ന് നടന്ന ഈ പരീക്ഷണം ഇന്ത്യയുടെ സാങ്കേതിക മികവിന്റെ തെളിവാണ്. ബ്രഹ്മോസ് മിസൈലുകൾ നൽകിയ ആഘാതത്തിൽ നിന്ന് പാകിസ്ഥാൻ ഇതുവരെ മുക്തരായിട്ടില്ലാത്ത സാഹചര്യത്തിൽ, ഇന്ത്യയുടെ ഈ പുതിയ മുന്നേറ്റം അയൽരാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.

എന്താണ് സ്ക്രാംജെറ്റ് എഞ്ചിൻ? സാധാരണ ജെറ്റ് എഞ്ചിനുകളിൽ കാണുന്ന ഫാനുകളോ ടർബൈനുകളോ കംപ്രസറുകളോ ഇതിൽ ഉണ്ടാകില്ല. ഹൈപ്പർസോണിക് വേഗതയിൽ മിസൈലിലേക്ക് ഇരച്ചുകയറുന്ന വായുവിനെ അതിന്റെ തന്നെ വേഗത ഉപയോഗിച്ച് കംപ്രസ് ചെയ്ത് ഇന്ധനവുമായി കലർത്തി കത്തിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഒരു കൊടുങ്കാറ്റിനുള്ളിൽ മെഴുകുതിരി കെടാതെ കത്തിച്ചുനിർത്തുന്നതുപോലെ സങ്കീർണ്ണമായ പ്രക്രിയയാണിത്. ഉയർന്ന താപനിലയെ അതിജീവിക്കുക എന്നതാണ് ഈ സാങ്കേതികവിദ്യയിലെ ഏറ്റവും വലിയ വെല്ലുവിളി.

Photo and News Source: Janmabhumi