ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ ലീക്കായ സംഭവത്തില്‍ വിശദീകരണവുമായി നടി രേണു സുധി രംഗത്ത്. താന്‍ ലൈവ് വന്ന വീഡിയോയാണ് ചിലര്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതെന്ന് രേണു വ്യക്തമാക്കി. സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമായി താന്‍ നടത്തിയ ലൈവ് വീഡിയോയിലെ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പുറത്തുവിട്ടത്. ആര്‍ക്കും വ്യക്തിപരമായി വീഡിയോ അയച്ചു കൊടുത്തിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ ചുണ്ടിലുണ്ടായ മുറിവ് കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നും, അത് ആരാധകരെ കാണിക്കാനാണ് ലൈവില്‍ വന്നതെന്നും രേണു വിശദീകരിച്ചു. 'സബ്‌സ്‌ക്രിപ്ഷനകത്ത് കയറിയിരുന്ന് വീഡിയോ കണ്ട് ആസ്വദിച്ച ശേഷം അത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് പുറത്തുവിടുന്നത് നാണക്കേടാണ്. ആരും തെറ്റിദ്ധരിക്കരുത്, ഇതൊരു ലൈവ് വീഡിയോ മാത്രമാണ്,' രേണു പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.

ആരെയും ഭയന്ന് താന്‍ ലൈവ് വരുന്നത് നിര്‍ത്തില്ലെന്നും രേണു വ്യക്തമാക്കി. സബ്‌സ്‌ക്രിപ്ഷന്‍ ഉള്ള മറ്റ് പലരും പലതും കാണിക്കാറുണ്ടെന്നും, അതിലൊന്നും ഇല്ലാത്ത കുഴപ്പമാണ് തന്റെ കാര്യത്തില്‍ മാത്രം ചിലര്‍ കാണിക്കുന്നതെന്നും താരം പരിഹസിച്ചു. രേണുവിന്റെ പ്രതികരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

നിലവില്‍ രേണുവിന് രണ്ടായിരത്തോളം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. 180 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ ഫീസായി ഈടാക്കുന്നത്. ഇതിലൂടെ മാസം നാല് ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

Photo and News Source: Samakalika Malayalam