കേരളത്തിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുന്ന വിഷയത്തിൽ ഹൈക്കമാൻഡിന് മുന്നിൽ കടുത്ത നിലപാടുമായി സംസ്ഥാന നേതാക്കൾ. ഘടകകക്ഷികളുടെ, പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയ്ക്ക് തുല്യമാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ആരെ മുഖ്യമന്ത്രിയാക്കിയാലും അത് ലീഗ് നേതൃത്വത്തിന്റെ താല്പര്യപ്രകാരമാകരുത് എന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഏകദേശ ധാരണയായിട്ടുണ്ട്.
നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾ എന്തിന് തിടുക്കം കൂട്ടുന്നുവെന്ന ചോദ്യമാണ് നേതാക്കൾ ഉയർത്തുന്നത്. ഇനി ഇക്കാര്യത്തിൽ ലീഗിനോട് അഭിപ്രായം ആരായേണ്ടതില്ലെന്ന് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലങ്ങളിൽ എംഎൽഎമാർക്കെതിരെ നടന്ന പ്രതിഷേധങ്ങൾ ആസൂത്രിതമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നത് പാർട്ടിക്ക് ദോഷകരമാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ ഹൈക്കമാൻഡിനെ അറിയിച്ചു. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിച്ചത്.
ഈ സാഹചര്യത്തിൽ കെ.സി. വേണുഗോപാലിന്റെ പേരിന് പിന്തുണ വർധിക്കുകയാണ്. അദ്ദേഹത്തിനെതിരെ നടന്ന സൈബർ ആക്രമണങ്ങളെയും നേതാക്കൾ ശക്തമായി അപലപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നൽകിയ നിർലോഭമായ പിന്തുണയെ വിസ്മരിച്ചുകൊണ്ടുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നതോടെ ഹൈക്കമാൻഡിന് മറ്റ് വഴികളില്ലാത്ത അവസ്ഥയാണുള്ളത്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Photo and News Source: Sathyam Online










