തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (TVK) നേടിയ ചരിത്രപരമായ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ആദ്യ സുപ്രധാന നിയമനം ശ്രദ്ധേയമാകുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും തുടർന്നുണ്ടായ വിജയവും നേരത്തെ തന്നെ കൃത്യമായി പ്രവചിച്ച പ്രമുഖ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ചിരിക്കുന്നത്.
രാഷ്ട്രീയ നിരീക്ഷകർ പോലും വിജയ്‌യുടെ വിജയസാധ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്ന ഘട്ടത്തിലാണ് രാധൻ പണ്ഡിറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉദയം ഉറപ്പിച്ചു പറഞ്ഞത്. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ വിജയ്‌യുടെ ജാതകത്തിൽ ഒരു രാഷ്ട്രീയ 'സുനാമി' ഒളിഞ്ഞിരിപ്പുണ്ടെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വിവിധ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയ വിഡിയോകളിലൂടെയും അദ്ദേഹം വിജയ്‌യുടെ രാഷ്ട്രീയ ഭാവി പ്രവചിച്ചിരുന്നു.
'തമിഴക വെട്രി കഴകം' എന്ന പേരിന്റെ സംഖ്യാശാസ്ത്രപരമായ പ്രാധാന്യവും വിജയ്‌യുടെ ജന്മനക്ഷത്രവും തമ്മിലുള്ള പൊരുത്തം അദ്ദേഹം അന്ന് വിശദീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ പഴയ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി മാറിയിരുന്നു. ഈ പ്രവചനങ്ങളുടെ കൃത്യതയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ടീമിലെത്തിച്ചത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ രാധൻ പണ്ഡിറ്റ് ഒരു പുതിയ മുഖമല്ല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായ ഉപദേശകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, സുപ്രധാനമായ പല കാര്യങ്ങളിലും ജയലളിതയ്ക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ആത്മീയ ഗുരു എന്ന നിലയിലും ബിസിനസ്-രാഷ്ട്രീയ മേഖലകളിൽ സ്വാധീനമുള്ള വ്യക്തി എന്ന നിലയിലും തമിഴ്‌നാട്ടിൽ ഏറെ സുപരിചിതനാണ് അദ്ദേഹം.
Photo and News Source: Sathyam Online










