തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ്‌ക്ക് അഭിനന്ദനങ്ങളുമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം രംഗത്തെത്തി. മലേഷ്യയും തമിഴ്‌നാടും തമ്മിലുള്ള ദീർഘകാല സാംസ്‌കാരിക-ചരിത്രപരമായ ബന്ധം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ചയാണ് തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനായ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
വിജയ്‌യുടെ സിനിമാ ജീവിതത്തെ പരാമർശിച്ചുകൊണ്ട് എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. സിനിമകളിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും മൂന്നുമണിക്കൂർ കൊണ്ട് പരാജയപ്പെടുത്തുന്ന വിജയ്‌യെ ആരാധകർ വർഷങ്ങളായി കാണുന്നതാണെന്നും, എന്നാൽ ഇപ്പോൾ സിനിമയിലെ വേഷങ്ങളേക്കാൾ വലിയൊരു ഉത്തരവാദിത്വമാണ് തമിഴ്നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നതെന്നും അൻവർ ഇബ്രാഹിം കുറിച്ചു.
സുഹൃത്തായ വിജയ്‌ക്ക് ആശംസകൾ നേരുന്നതിനൊപ്പം, ടി.വി.കെ.യുടെ രാഷ്ട്രീയ മുദ്രാവാക്യമായ 'ഒരു വിരൽ പുരക്ഷി' (ഒരു വിരൽ വിപ്ലവം) ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലേഷ്യയും തമിഴ്‌നാടും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ വരുംവർഷങ്ങളിൽ വിജയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അഴിമതി വിരുദ്ധ പോരാട്ടം, യുവാക്കളെ അണിനിരത്തൽ, രാഷ്ട്രീയ മാറ്റം എന്നീ വാഗ്ദാനങ്ങൾ ഉയർത്തിപ്പിടിച്ചാണ് ടി.വി.കെ. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സൂപ്പർതാര പദവിയിൽനിന്ന് സജീവ രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌യുടെ ചുവടുമാറ്റത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. യുവാക്കളുടേയും കന്നി വോട്ടർമാരുടേയും ശക്തമായ പിന്തുണയാണ് ഈ വിജയത്തിൽ നിർണായകമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Photo and News Source: Mathrubhumi









