കുവൈറ്റിലെ പ്രവാസി രാഷ്ട്രീയ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഒഐസിസിയിൽ (OICC) വീണ്ടും കൂട്ടരാജി. സംഘടനാ ഭാരവാഹികളടക്കം നിരവധി പ്രമുഖ നേതാക്കളും പ്രവർത്തകരും ഒഐസിസി വിട്ട് ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസിൽ (GPCC) ചേർന്നതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘടനയ്ക്കുള്ളിൽ വർഷങ്ങളായി നിലനിൽക്കുന്ന ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമായ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ചാണ് തങ്ങൾ രാജിവെക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.

സ്ഥാനമാനങ്ങളല്ല, മറിച്ച് സാധാരണക്കാർക്കും അശരണർക്കും വേണ്ടി സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമാണ് ഒരു യഥാർത്ഥ കോൺഗ്രസ് പ്രവർത്തകന് ആവശ്യമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ജിപിസിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കമ്മറ്റി വിപുലീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റിലെ കലാ-സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമാകാനാണ് സംഘടന ലക്ഷ്യമിടുന്നത്.

ഒഐസിസി വിട്ട് ജിപിസിസിയിൽ ചേർന്ന നേതാക്കളെ പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരം ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇസ്മായിൽ ഐ കെ, ചന്ദ്രമോഹൻ R നായർ, ഷബീർ കൊയിലാണ്ടി, ഷരൺ കോമത്ത്, വിനീഷ് പള്ളത്ത്, ഷാനവാസ് സി എ, ജിജു മാത്യു, അഭിജിത് ഇ വി, ജോസഫ് സെബാസ്റ്റ്യൻ, സഫീറുള്ള, മെഹറിലി പി എന്നിവരാണ് ജിപിസിസിയിൽ ചേർന്ന പ്രധാന നേതാക്കൾ.

കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകർക്കും നേതാക്കൾക്കും ജിപിസിസിയിലേക്ക് സ്വാഗതമെന്ന് ഭാരവാഹികൾ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ സംഘടനയുടെ ഭാഗമാകുമെന്നും അവർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സാം നന്ദിയാട്ട്, മുരളി പണിക്കർ, എൽദോ പള്ളിപ്പുറം, അനൂപ് ആൻഡ്രൂസ്, രെഞ്ചു പി ജേക്കബ് പുതുപ്പള്ളി തുടങ്ങിയവരും പങ്കെടുത്തു.

Photo and News Source: Sathyam Online