സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോകുന്ന മുൻ തടവുകാർക്ക് മാന്യമായ തൊഴിലും പുതിയൊരു ജീവിതവും നൽകി മാതൃകയാവുകയാണ് മലേഷ്യയിലെ തങ്കാക്കിലുള്ള ഒരു ഫുഡ് കോർട്ട്. ഈ സ്ഥാപനത്തിന്റെ ഉടമയായ ഓങ് ചീ സിയാങ് ആണ് പരോളിലിറങ്ങിയ തടവുകാരെ ജോലിക്കെടുത്ത് സമൂഹത്തിന് വലിയൊരു സന്ദേശം നൽകുന്നത്. മലേഷ്യൻ ഗവൺമെന്റിന്റെ പരോൾ പ്രോഗ്രാം (Licensed Release of Prisoners Programme - PBSL) വഴിയാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ ഇവർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നത്.

നിലവിൽ ആറ് പരോൾ തടവുകാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പാനീയങ്ങൾ തയ്യാറാക്കുക, മേശകൾ വൃത്തിയാക്കുക തുടങ്ങിയ ജോലികളാണ് ഇവർ നിർവഹിക്കുന്നത്. ഇതുവരെ 14 പേർക്ക് ഓങ് തന്റെ സ്ഥാപനത്തിൽ ജോലി നൽകിക്കഴിഞ്ഞു. തുടക്കത്തിൽ കുറ്റവാളികളെ ജോലിക്കെടുക്കുന്നതിനെതിരെ പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടായിരുന്നുവെങ്കിലും, ജീവനക്കാരുടെ ആത്മാർത്ഥതയും വിനയവും കണ്ടതോടെ ഉപഭോക്താക്കൾ ഇവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

നല്ല സ്വഭാവമുള്ളവരും സുരക്ഷാ ഭീഷണി കുറഞ്ഞവരുമായ തടവുകാരെ മാത്രമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇവർ താമസസ്ഥലത്ത് തന്നെ കഴിയണമെന്നും മൊബൈൽ വഴി ദിവസവും അധികൃതർക്ക് റിപ്പോർട്ട് നൽകണമെന്നും കർശനമായ നിർദ്ദേശമുണ്ട്. ജയിലിലെ ഒറ്റപ്പെടലിന് ശേഷം ലഭിക്കുന്ന ഈ തൊഴിൽ തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കാപ്പി ഉണ്ടാക്കുന്നതടക്കമുള്ള പ്രായോഗിക നൈപുണ്യങ്ങൾ പഠിക്കുന്നത് ഭാവിയിൽ സ്വന്തമായി ജീവിക്കാൻ തങ്ങളെ സഹായിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.

Photo and News Source: Mathrubhumi