സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മന്ത്രിസഭ ഇതുവരെ അധികാരമേൽക്കാത്തത് എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മുൻ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് മെയ് 15-ന് വെള്ളിയാഴ്ച ഫലം പുറത്തുവരേണ്ടതുണ്ടെങ്കിലും, ആര് ഫലം പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല.
പരീക്ഷാ ബോർഡ് ബുധനാഴ്ച യോഗം ചേർന്ന് ഫലത്തിന് അന്തിമ അംഗീകാരം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ ഭവൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെങ്കിലും ഭരണതലത്തിലെ അനിശ്ചിതത്വം ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നുണ്ട്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിലവിൽ മന്ത്രിയില്ലാത്ത സാഹചര്യത്തിൽ മറ്റ് സാധ്യതകളാണ് പരിഗണനയിലുള്ളത്.
2021-ലെ തെരഞ്ഞെടുപ്പ് കാലത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫലം പ്രഖ്യാപിച്ച മാതൃക ഇത്തവണയും പിന്തുടർന്നേക്കാം. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഷർമിള മേരി ജോസഫിനോ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിനോ ഫലപ്രഖ്യാപനം നടത്താൻ സാധിക്കും. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശത്തിനായി പരീക്ഷാ ഭവൻ കാത്തിരിക്കുകയാണ്.
സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള കേന്ദ്ര ബോർഡുകൾ ഇതിനകം ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ഉപരിപഠനത്തിന് കാലതാമസം വരാതിരിക്കാൻ നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കണമെന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും തമ്മിലുള്ള ഔദ്യോഗിക കൂടിയാലോചനകൾ നടക്കാത്തതാണ് നിലവിലെ ആശയക്കുഴപ്പത്തിന് പ്രധാന കാരണം.
Photo and News Source: Suprabhaatham










