തിയറ്ററുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഷറഫുദ്ദീൻ ചിത്രം 'മധുവിധു' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നു. കുടുംബബന്ധങ്ങളുടെയും ഹാസ്യത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ഫാമിലി എന്റർടൈനർ, പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മെയ് 22 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന 'അമ്മു'വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ച് പുരുഷന്മാർ മാത്രം താമസിക്കുന്ന ആ വീട്ടിലേക്ക് പുതിയൊരു ബന്ധം കടന്നുവരുന്നതും, തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ ഹാസ്യത്തിലൂടെയും വൈകാരികതയിലൂടെയും ചിത്രം മനോഹരമായി അവതരിപ്പിക്കുന്നു.
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിച്ചത്. ജഗദീഷ്, സായികുമാർ, അസീസ് നെടുമങ്ങാട്, ശ്രീജയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്.
Photo and News Source: Asianet News










