പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഓഹരി വിപണിയിൽ കനത്ത ആഘാതം സൃഷ്ടിച്ചു. ദലാൽ സ്ട്രീറ്റിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഒറ്റദിവസം കൊണ്ട് ആറു ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. സെൻസെക്സ് 1,312.91 പോയിന്റ് ഇടിഞ്ഞ് 76,015.28 ലും നിഫ്റ്റി 360.30 പോയിന്റ് ഇടിഞ്ഞ് 23,815.85 ലും വ്യാപാരം അവസാനിപ്പിച്ചു. കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ വരുന്നുവെന്ന ആശങ്ക നിക്ഷേപകരിൽ പരിഭ്രാന്തി പരത്തി.

എഫ്.എം.സി.ജി, ഫാർമ ഒഴികെയുള്ള എല്ലാ മേഖലകളും തകർച്ച നേരിട്ടു. അസംസ്‌കൃത എണ്ണവിലയിലെ വർധന മൂലം ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ തുടങ്ങിയ എണ്ണക്കമ്പനികളുടെ ഓഹരികൾ 2.6 ശതമാനം ഇടിഞ്ഞു. ടൈറ്റൻ, കല്യാൺ ജ്വല്ലേഴ്സ് തുടങ്ങിയ ജ്വല്ലറി ഓഹരികൾ 7.6 മുതൽ 11 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമർശവും വിദേശയാത്രകൾ കുറയ്ക്കുമെന്ന പ്രസ്താവനയും ടൂറിസം, ഏവിയേഷൻ മേഖലകളെയും പ്രതികൂലമായി ബാധിച്ചു.

ഇറാൻ-യു.എസ് സംഘർഷം, രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവ വിപണിക്ക് തിരിച്ചടിയായി. കഴിഞ്ഞ 400 ദിവസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണിത്. പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രതിമാസം 30,000 കോടി രൂപയുടെ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ, ഇന്ധനവിലയിൽ 25 മുതൽ 28 രൂപ വരെ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും ഇന്ധനവില വർധനയിലേക്കുള്ള സൂചനയായാണ് വിപണി കാണുന്നത്.

Photo and News Source: Suprabhaatham