പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റതിന് പിന്നാലെ, സംസ്ഥാനത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബിജെപി സർക്കാർ. ആരാധനാലയങ്ങൾക്ക് പുറത്ത് പൊതുനിരത്തുകളിലോ തെരുവുകളിലോ തടസ്സം സൃഷ്ടിച്ചുകൊണ്ട് നമസ്‌കാരം നിർവഹിക്കുന്നത് ഇനി അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. കൊൽക്കത്തയിലെ റെഡ് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വർഷങ്ങളായി നടന്നു വന്നിരുന്ന ഈദ് നമസ്‌കാരങ്ങൾക്കും ഈ തീരുമാനം ബാധകമാകും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടതെന്ന് ബിജെപി എംഎൽഎ അർജുൻ സിങ് അറിയിച്ചു. 'പ്രാർത്ഥനകൾ ആരാധനാലയങ്ങൾക്കുള്ളിൽ തന്നെ നടക്കണം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡുകൾ കൈയേറാൻ അനുവദിക്കില്ല' എന്ന് അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളിലെ സൗകര്യക്കുറവ് മൂലം റോഡുകളെ ആശ്രയിക്കുന്ന സാധാരണ വിശ്വാസികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇതിനൊപ്പം തന്നെ, കല്ലേറ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് സേനയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള റെഡ് റോഡിൽ നമസ്‌കാരത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് മുൻപും തർക്കങ്ങൾ നിലനിന്നിരുന്നു. സർക്കാരിന്റെ ഈ പുതിയ നീക്കം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.
Photo and News Source: Suprabhaatham









