പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി പെട്രോൾ, ഡീസൽ വില ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കാനാണ് ആലോചന.
ഇതുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികളും കേന്ദ്ര ധനകാര്യ-പെട്രോളിയം മന്ത്രാലയങ്ങളും തമ്മിൽ നിർണായക ചർച്ചകൾ നടന്നു വരികയാണ്. നിലവിലെ സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി തുടങ്ങിയ ശേഷം മൊത്തം നഷ്ടം ഒരു ലക്ഷം കോടി രൂപ കടന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാർ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, മെയ് 15-ന് മുമ്പായി ഇന്ധനവിലയിൽ വർധനവുണ്ടാകാനാണ് സാധ്യത. പെട്രോളിനും ഡീസലിനും പുറമെ, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും 40 മുതൽ 50 രൂപ വരെ വർധനവ് ഉണ്ടായേക്കാമെന്നും സൂചനകളുണ്ട്. ആഗോള വിപണിയിലെ അസ്ഥിരതയും എണ്ണക്കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് സർക്കാർ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുകയാണ്.
Photo and News Source: Suprabhaatham








