തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു. പാലക്കാട് അനങ്ങനടി പഞ്ചായത്തിലെ പനമണ്ണ സ്വദേശികളായ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഗുരുബരപള്ളി ദേശീയപാതയിലായിരുന്നു അപകടം നടന്നത്.

ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന്റെ ടയർ കേടായതിനെത്തുടർന്ന് വാഹനം റോഡരികിൽ നിർത്തിയിടുകയായിരുന്നു. ടയർ മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ടോറസ് ലോറി കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ദീപക് ടയർ മാറ്റുന്നതിനിടെ ദിവ്യ ടോർച്ചടിച്ച് വെളിച്ചം കാണിച്ചുനിൽക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

അപകടത്തിൽ കാറിലുണ്ടായിരുന്ന രവീന്ദ്രൻ (59), പാർവതി (53), രമ്യ (34), വിനീത് (44), അഭിൻദേവ് (12), അഖിൽദേവ് (9), സരോജിനി (68) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കൃഷ്ണഗിരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തിൽ ജോലി ചെയ്തിരുന്ന ദീപക് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

ശനിയാഴ്ച രാവിലെ നാട്ടിൽ നിന്ന് യാത്ര തിരിച്ച കുടുംബം, ബംഗളൂരുവിലെ ബന്ധുവീട്ടിൽ താമസിച്ച ശേഷം ഞായറാഴ്ച രാത്രിയാണ് നാട്ടിലേക്ക് മടങ്ങിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Photo and News Source: Kerala Kaumudi Latest