കോഴിക്കോട് പന്തീരാങ്കാവിൽ ബസ് യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കിണാശേരി മനാത്ത് ഹൗസിൽ ഇബ്രാഹിം കരീം (54) എന്നയാളാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പെരുമണ്ണ-സിറ്റി റൂട്ടിൽ സർവീസ് നടത്തുന്ന 'കിസ്മത്ത്' എന്ന ബസിലെ കണ്ടക്ടറാണ് ഇയാൾ.

പതിനേഴുകാരനായ വിദ്യാർത്ഥിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്ന സമയങ്ങളിൽ ഇയാൾ നിരന്തരം ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി കുട്ടി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.15-ഓടെ വയലിൻ ക്ലാസ് കഴിഞ്ഞ് മാങ്കാവിൽ നിന്ന് പെരുമണ്ണയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥി.

യാത്രയ്ക്കിടെ കടുപ്പിനി, പൊക്കുന്ന്, പെരുമണ്ണ എന്നീ സ്ഥലങ്ങളിൽ വെച്ച് ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ഇബ്രാഹിം കരീം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു.

Photo and News Source: Marunadan Malayali