നീറ്റ് യു.ജി. 2026 പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ രാജസ്ഥാൻ പോലീസ് തീരുമാനിച്ചു. കേരളത്തിൽ പഠിക്കുന്ന ഒരു മെഡിക്കൽ വിദ്യാർഥി രാജസ്ഥാനിലെ തന്റെ കൂട്ടാളിക്ക് വിവാദമായ സാധ്യതാ ചോദ്യക്കടലാസ് അയച്ചുകൊടുത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി. സികാറിലെ ഒരു പേയിങ് ഗസ്റ്റ് (പി.ജി.) നടത്തിപ്പുകാരന്റെ കൈവശം ഈ ചോദ്യക്കടലാസ് എത്തിയതായും, അവിടെനിന്ന് വിവിധ സംസ്ഥാനങ്ങളിലെ കോച്ചിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിദ്യാർഥികളിലേക്ക് ഇത് പ്രചരിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
രാജസ്ഥാൻ എ.ഡി.ജി.പി. വിശാൽ ബൻസാൽ നൽകുന്ന വിവരമനുസരിച്ച്, 410 ചോദ്യങ്ങളടങ്ങുന്ന ഒരു സാധ്യതാ ചോദ്യക്കടലാസാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. ഇതിലെ രസതന്ത്ര വിഭാഗത്തിലെ 120 ചോദ്യങ്ങൾ യഥാർഥ പരീക്ഷാ പേപ്പറിലേതിന് സമാനമായിരുന്നുവെന്ന് പറയപ്പെടുന്നു. ആകെ 720 മാർക്കിന്റെ പരീക്ഷയിൽ 600 മാർക്കിന്റെ ചോദ്യങ്ങൾ ഈ സാധ്യതാ പേപ്പറിലുണ്ടായിരുന്നുവെന്നും, പരീക്ഷയ്ക്ക് 15 ദിവസം മുൻപേ തന്നെ ഇത് വിദ്യാർഥികൾക്ക് ലഭിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ഈ ചോദ്യക്കടലാസ് വൻ തുകയ്ക്ക് കച്ചവടം നടത്തിയതായും പോലീസ് സംശയിക്കുന്നു. പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപ് അഞ്ചു ലക്ഷം രൂപ വരെ ഈടാക്കിയും, പരീക്ഷയുടെ തലേദിവസം 30,000 രൂപ വരെ വാങ്ങിയും ചോദ്യക്കടലാസ് വിറ്റഴിച്ചതായി വിവരങ്ങളുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുകൊണ്ട് ഈ ഇടപാടുകൾ എവിടെനിന്നാണ് നടന്നതെന്നും ആരൊക്കെയാണ് ഇതിനു പിന്നിലെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും, വിദ്യാഭ്യാസ മന്ത്രാലയവുമായി ആലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു.
Photo and News Source: Mathrubhumi









