ബോളിവുഡ് താരം ബാബിൽ ഖാൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് 'ഗാന്ധിനഗർ സൺഡേ മാർക്കറ്റ്' എന്ന് പേരിട്ടു. ബാബു ജനാർദ്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഗുരുകൃപാ ഫിലിംസിന്റെ ബാനറിൽ അനിൽകുമാർ ശിവദാസാണ് നിർമ്മിക്കുന്നത്. സംവിധായകൻ എം. പത്മകുമാർ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവഹിച്ചു. ജോണി ആന്റണിയാണ് ഗുരുകൃപാ ഫിലിംസിന്റെ ലോഗോ പ്രകാശനം ചെയ്തത്.

കേരളീയ സമൂഹത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന 'ഭായിമാർ' എന്ന് വിളിക്കപ്പെടുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ബാബിൽ ഖാന് പുറമെ അപർണ ബാലമുരളി, ആത്മീയ, നിഖിൽ നായർ, സുധീർ കരമന, ജഗദീഷ്, ജോണി ആന്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജ, ജയശങ്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

നന്ദഗോപൻ. വി സംഗീത സംവിധാനവും ഫാസിൽ നാസർ ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ. എസ് എഡിറ്റിംഗും വിനോദ് പട്ടണക്കാടൻ കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. മേയ് 19-ന് ജാർഖണ്ഡിലെ സിലിഗുരിയിൽ ചിത്രീകരണം ആരംഭിക്കും. പെരുമ്പാവൂർ, കൊച്ചി എന്നിവയാണ് മറ്റ് പ്രധാന ലൊക്കേഷനുകൾ. പി.ആർ.ഒ വാഴൂർ ജോസാണ് വാർത്താവിനിമയം നിർവഹിക്കുന്നത്.

Photo and News Source: Kerala Kaumudi Latest