പന്തളം കുളനട കൈപ്പുഴ കൊട്ടാരത്തിൽ അതിക്രമിച്ച് കടന്ന അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പന്തളം കൊട്ടാരം നിർവാഹകസംഘം ജോയിന്റ് സെക്രട്ടറി ദീപാ വർമ്മയുടെ കൈപ്പുഴ വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്.

മതിൽ ചാടിക്കടന്നാണ് ഇയാൾ കൊട്ടാര വളപ്പിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് തിണ്ണയുടെ ഗ്രിൽ ഡോർ തുറന്ന് പ്രധാന വാതിലിന് സമീപം വരെ ഇയാൾ എത്തി. എന്നാൽ, സിസിടിവി ക്യാമറയിലൂടെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മാവേലിക്കരയിലെ ഒരു കട്ടക്കമ്പനിയിലെ തൊഴിലാളിയാണെന്ന് കണ്ടെത്തി. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും മോഷണമല്ല ഉദ്ദേശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇയാളെ കമ്പനി ഉടമയോടൊപ്പം വിട്ടയച്ചു.

Photo and News Source: Kerala Kaumudi