അസമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നാളെ അധികാരമേൽക്കും. മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മയും 18 മന്ത്രിമാരും ഗുവാഹത്തിയിലെ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരുടെ അന്തിമ പട്ടിക ഇന്ന് രാത്രിയോടെ തീരുമാനിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. മെയ് 10-ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഹിമന്തയെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. നരേന്ദ്ര മോദി, ശിവരാജ് സിങ് ചൗഹാൻ, രമൺ സിങ് എന്നിവർക്ക് ശേഷം ബിജെപിക്ക് ഹാട്രിക് വിജയം സമ്മാനിക്കുന്ന മുഖ്യമന്ത്രി എന്ന നേട്ടവും ഇതോടെ അദ്ദേഹം സ്വന്തമാക്കി.
അസമിലെ ബിജെപിയുടെ ഈ വിജയത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ അജണ്ടകളും മണ്ഡല പുനർനിർണ്ണയവും നിർണ്ണായക പങ്കുവഹിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വിവാദപരമായ പരാമർശങ്ങളും ഇസ്‌ലാംഭീതി വളർത്തുന്ന രീതിയിലുള്ള പ്രസംഗങ്ങളും ഹിമന്ത നടത്തിയിരുന്നു. ബംഗാളി മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വീഡിയോകളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇത്തരം നീക്കങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തിനിടയിൽ വോട്ട് ഏകീകരണം സാധ്യമാക്കാൻ ബിജെപിക്ക് കഴിഞ്ഞു.
മുസ്‌ലിം സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ടുള്ള നടപടികളും ബുൾഡോസർ രാജിനെ പിന്തുണച്ചുള്ള പ്രസംഗങ്ങളും ഹിമന്തയെ ഒരു വിഭാഗം ജനങ്ങൾക്കിടയിൽ 'ഹിന്ദു ഹൃദയ സാമ്രാട്ട്' എന്ന പ്രതിച്ഛായയിലേക്ക് ഉയർത്തി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതികൾ നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ഏതായാലും, ഈ വിജയത്തോടെ അസമിൽ ബിജെപി തങ്ങളുടെ രാഷ്ട്രീയ ആധിപത്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
Photo and News Source: Suprabhaatham










