ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ദുതെർത്തെക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായി. തിങ്കളാഴ്ച നടന്ന നിർണ്ണായക വോട്ടെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചതോടെയാണ് നടപടികൾക്ക് വഴിയൊരുങ്ങിയത്. ഇതോടെ സെനറ്റിൽ വിചാരണ നേരിടേണ്ടി വരുന്ന സാറയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന സാറയ്ക്ക് ഈ നടപടി വലിയ തിരിച്ചടിയാണ്.
പൊതുമുതൽ ദുരുപയോഗം ചെയ്തു, അവിഹിതമായി സ്വത്ത് സമ്പാദിച്ചു, പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, പ്രഥമ വനിത ലിസ അരാനെറ്റ-മാർക്കോസ്, മുൻ ഹൗസ് സ്പീക്കർ എന്നിവരുടെ ജീവന് ഭീഷണി ഉയർത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സാറയ്ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സാറ ദുതെർത്തെ നിഷേധിച്ചു.
ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 255 അംഗങ്ങൾ ഇംപീച്ച്‌മെന്റിനെ പിന്തുണച്ചപ്പോൾ 26 പേർ എതിർത്ത് വോട്ട് ചെയ്തു. ഒൻപത് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഇംപീച്ച്‌മെന്റ് നീക്കങ്ങൾ നടന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സുപ്രീം കോടതി അത് റദ്ദാക്കിയിരുന്നു. എന്നാൽ ഇത്തവണ നടപടികൾ സെനറ്റിലേക്ക് നീങ്ങുകയാണ്.
ഇനി സെനറ്റ് ഒരു ഇംപീച്ച്‌മെന്റ് കോടതിയായി മാറി വിചാരണ നടപടികൾ ആരംഭിക്കും. വിചാരണയിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ സാറയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടും. കൂടാതെ, ഭാവിയിൽ പൊതുപദവികൾ വഹിക്കുന്നതിൽ നിന്ന് അവരെ വിലക്കാനും സാധ്യതയുണ്ട്. ഫിലിപ്പീൻസ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണിത്.
Photo and News Source: Sathyam Online








