റിയാദിൽ കേളി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാരംസ്-ചെസ് ടൂർണമെന്റ് മത്സരാർഥികൾക്കും കാണികൾക്കും വലിയ ആവേശമായി. സംഘടനയുടെ രജതജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന 25 പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ ആറെണ്ണം ഇതിനകം വിജയകരമായി പൂർത്തിയാക്കി.
അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ടൂർണമെന്റിൽ 96 പേർ പങ്കെടുത്തു. കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് കാരംസ് മത്സരവും, സെക്രട്ടറി സുനിൽ കുമാർ ചെസ് മത്സരവും ഉദ്ഘാടനം ചെയ്തു. കാരംസ് മത്സരത്തിൽ ജംഷാദ്-റഷീദ് സഖ്യം വിജയികളായപ്പോൾ ഷംസീർ-ലത്തീഫ് സഖ്യം റണ്ണറപ്പായി.
ഏഴ് വയസ്സുള്ള കുട്ടികൾ മുതൽ 60 വയസ്സിന് മുകളിലുള്ളവർ വരെ പങ്കെടുത്ത ചെസ് മത്സരത്തിൽ ഷമീർ ബദറുദ്ധീൻ ഒന്നാം സ്ഥാനം നേടി. അബ്ദുൽ റൗഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആർബിറ്റർ ലത്തീഫ് കൂളിമാടിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി. വിജയികൾക്ക് കേളി ഭാരവാഹികൾ ട്രോഫികളും പ്രൈസ് മണിയും സമ്മാനിച്ചു.
ടൂർണമെന്റിന്റെ വിജയത്തിനായി കേളി സ്‌പോർട്‌സ് കമ്മിറ്റി, വളന്റിയർ കമ്മിറ്റി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കമ്മിറ്റി എന്നിവർ മികച്ച രീതിയിൽ പ്രവർത്തിച്ചു. സിൽവർ ജൂബിലി ആക്ടിങ് കൺവീനർ റഫീഖ് ചാലിയം സ്വാഗതവും നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു. പ്രോപ് അപ് ഡിസൈൻ, വേളിവുഡ് ലോഞ്ച് എന്നിവരായിരുന്നു പ്രൈസ് മണി സ്‌പോൺസർമാർ.
Photo and News Source: Mathrubhumi







