കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു എന്ന വാർത്തകൾക്കിടെയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകൾ പങ്കുവെച്ചത്.

കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് ബിജെപി കേരള ഘടകവും, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നു എന്ന തരത്തിലുള്ള ഒരു ട്വീറ്റാണ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ വിഷയത്തിൽ താൻ കൂടുതൽ പ്രതികരിക്കാനോ വാർത്തയുടെ സത്യാവസ്ഥ സ്ഥിരീകരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഏഴ് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് സാധിച്ചിട്ടില്ല. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വിവിധ പരിപാടികൾക്കായി സംസ്ഥാനത്തിന് പുറത്തായതിനാൽ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഖാർഗെ മടങ്ങിയെത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്നതാണ് ഹൈക്കമാൻഡിനെ കുഴക്കുന്നത്. മൂവർക്കും സ്വീകാര്യമായ ഒരു ഫോർമുല കണ്ടെത്താൻ പാർട്ടി നേതൃത്വം പാടുപെടുകയാണ്. സോണിയ ഗാന്ധിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാവുക എന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Photo and News Source: Samakalika Malayalam