കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വൈകുന്നുവെന്ന വിമർശനങ്ങളെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നും, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ പത്ത് ദിവസമെടുക്കുന്നത് തികച്ചും സ്വാഭാവികമായ നടപടിക്രമമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
അടുത്ത 48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകൾക്കായി തന്നെയും മറ്റ് മുതിർന്ന നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും അന്തിമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎമാരുടെ അഭിപ്രായങ്ങൾക്കപ്പുറം മറ്റ് പല ഘടകങ്ങളും കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേരുമായി ഹൈക്കമാൻഡ് ഇതിനകം വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. താൻ ഡൽഹിയിലേക്ക് പോകുന്നത് എന്തിനാണെന്ന് കൃത്യമായി അറിയില്ലെങ്കിലും, തന്റെ നിലപാടുകൾ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
Photo and News Source: Siraj Live










