ഡൽഹി കീർത്തിനഗർ പോലീസ് സ്റ്റേഷന് മുൻപിൽ വെച്ച് തെരുവുനായയെ കൊന്നെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ മൃഗസ്‌നേഹിയായ സ്ത്രീ പരസ്യമായി മർദിച്ചു. ജസ്മീത് കൗർ എന്ന സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ ചെരിപ്പൂരി അടിക്കുകയും ഷർട്ടിൽ കുത്തിപ്പിടിച്ച് മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പോലീസുകാർ നോക്കിനിൽക്കെയായിരുന്നു ഈ സംഭവം അരങ്ങേറിയത്.

തെരുവുനായയെ ഇരുമ്പുവടി കൊണ്ട് അടിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഗുരുതരമായി പരിക്കേറ്റ നായയെ സ്വകാര്യ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നായ ഒരാളെ കടിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ അതിനെ ആക്രമിച്ചതെന്ന് ചിലർ അവകാശപ്പെടുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ ഇരുവിഭാഗവും പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ജസ്മീത് കൗർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാമൂഹികമാധ്യമങ്ങളിൽ ഈ വിഷയം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇരുവർക്കും അനുകൂലമായും പ്രതികൂലമായും നിരവധിപേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.

Photo and News Source: Mathrubhumi