2027-ൽ സൗദി അറേബ്യയിൽ അരങ്ങേറുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻറിനായുള്ള ഔദ്യോഗിക ഗ്രൂപ്പ് നിർണയം റിയാദിൽ പൂർത്തിയായി. സൗദി തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ദറഇയയിലെ സൽവ കൊട്ടാരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വൻകരയിലെ ഫുട്ബോൾ മാമാങ്കത്തിനായുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചത്. 2027 ജനുവരി ഏഴിന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് സമാപിക്കുന്ന ടൂർണമെൻറിനായി ഏഷ്യൻ ഫുട്ബോൾ ലോകം വലിയ പ്രതീക്ഷയിലാണ്.
ഫിഫയുടെ ഏപ്രിൽ മാസത്തെ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ടീമുകളെ വിവിധ ഗ്രൂപ്പുകളിലായി വിന്യസിച്ചത്. ആതിഥേയരായ സൗദി അറേബ്യ ഉൾപ്പെടുന്ന ഗ്രൂപ്പ് എ-യിൽ കുവൈത്ത്, ഒമാൻ, ഫലസ്തീൻ എന്നീ അറബ് ടീമുകളാണ് അണിനിരക്കുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം ലക്ഷ്യമിടുന്ന സൗദിക്ക് ഈ ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
മറ്റ് ഗ്രൂപ്പുകളിലും വാശിയേറിയ പോരാട്ടങ്ങൾക്കാണ് കളമൊരുങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഖത്തറും കരുത്തരായ ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫ് ടൂർണമെൻറിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രൂപ്പായി മാറും. കൂടാതെ ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ വൻശക്തികളും തങ്ങളുടെ ഗ്രൂപ്പുകളിൽ ആധിപത്യം ഉറപ്പിക്കാൻ തയ്യാറെടുക്കുകയാണ്. സൗദി അറേബ്യയുടെ കായിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന ഈ ടൂർണമെൻറിനായുള്ള അന്തിമ ഒരുക്കങ്ങൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.
Photo and News Source: Asianet News








