മലയാള സിനിമയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' മൂന്നാം ഭാഗത്തിനായി സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. മോഹൻലാൽ നായകനാകുന്ന ചിത്രം അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ മെയ് 21-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് വലിയ ആഘോഷത്തോടെ നടന്നിരുന്നു.
ഇപ്പോഴിതാ, ആരാധകർക്ക് ആവേശം പകരുന്ന ഒരു പ്രധാന അപ്‌ഡേറ്റ് ആശിർവാദ് സിനിമാസ് പുറത്തുവിട്ടിരിക്കുകയാണ്. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾക്കും ലഭിക്കാത്ത ഒരു വലിയ സാധ്യതയാണ് മൂന്നാം ഭാഗത്തിലൂടെ ഒരുങ്ങുന്നത്. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളും ഒരേ ദിവസം തിയേറ്ററുകളിൽ എത്തും എന്നതാണ് ആ സർപ്രൈസ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ട്രെയിലറുകൾ പുറത്തുവിട്ടുകൊണ്ടാണ് നിർമ്മാതാക്കൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ പതിപ്പുകളിൽ മോഹൻലാൽ തന്നെയാണ് ഡബ്ബിംഗ് നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പരിമിതമായ ഷോകളുമായി തുടങ്ങിയ ബുക്കിംഗിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. വിദേശ വിപണികളിലും ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ വലിയ വിപണി മൂല്യം കണക്കിലെടുത്ത് ബോളിവുഡിലെ പ്രമുഖ സ്റ്റുഡിയോകളും ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്.
പനോരമ സ്റ്റുഡിയോസ് ദൃശ്യം 3-ന്റെ ആഗോള തിയേറ്ററിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ, പെൻ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിർവാദ് സിനിമാസിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതായും വിവരങ്ങളുണ്ട്. വലിയ പ്രതീക്ഷയോടെയാണ് സിനിമാ വ്യവസായം ഈ ചിത്രത്തെ നോക്കിക്കാണുന്നത്.
Photo and News Source: Asianet News










