യുഎഇയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ പദ്ധതിയുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഫുജൈറ തുറമുഖം വഴി കപ്പൽ മാർഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യയും യുഎഇയും കരാറിലേർപ്പെട്ടു എന്നായിരുന്നു പ്രചരിച്ച വ്യാജ സന്ദേശം.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ വിഭാഗമായ 'MEA FactCheck' ആണ് ഈ വാർത്ത തള്ളിക്കൊണ്ട് രംഗത്തെത്തിയത്. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നിലവിൽ ഒരു തരത്തിലുള്ള ഒഴിപ്പിക്കൽ നടപടികളും ആസൂത്രണം ചെയ്യുന്നില്ലെന്നും, ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ വ്യാജമാണെന്ന് വ്യക്തമാക്കിയ അധികൃതർ, ഇത്തരം തെറ്റായ വാർത്തകൾ പ്രവാസികൾക്കിടയിലും നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കിടയിലും അനാവശ്യമായ ഭീതി പടർത്തുമെന്ന് ചൂണ്ടിക്കാട്ടി. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ എന്നതിനാൽ, ഇത്തരം വിഷയങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ ചാനലുകളെയും എംബസി അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്ന് അധികൃതർ ആവർത്തിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
Photo and News Source: Suprabhaatham










