തിരുവനന്തപുരത്ത് പുതിയ സർക്കാർ അധികാരമേൽക്കാനുള്ള ഒരുക്കങ്ങൾ സജീവമാകുമ്പോഴും മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ അനിശ്ചിതത്വം ഭരണതലത്തിലും സുരക്ഷാ സംവിധാനങ്ങളിലും വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് പൊലീസ് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, തങ്ങൾക്ക് അനുവദിച്ച പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും ഇരുവരും നിരസിക്കുകയും തിരിച്ചയക്കുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഇരുവരും ഉൾപ്പെട്ടിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് പൊലീസ് ഇവർക്ക് സുരക്ഷ ഏർപ്പെടുത്തിയത്. എന്നാൽ, അന്തിമ തീരുമാനം വരാത്ത സാഹചര്യത്തിൽ ഇത്തരം സുരക്ഷാ ക്രമീകരണങ്ങൾ അനാവശ്യമാണെന്ന നിലപാടിലാണ് നേതാക്കൾ. ഇതിനിടെ, പുതിയ മന്ത്രിസഭ രൂപീകരണത്തിന് മുൻപേ തങ്ങളുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ സുരക്ഷാ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

മറുഭാഗത്ത്, സി.പി.എം നേതാക്കളുടെ സുരക്ഷാ കാര്യങ്ങളിലും പൊലീസ് പുനഃപരിശോധന ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇ.പി. ജയരാജൻ, പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് രണ്ട് ഗൺമാൻമാരുടെ സുരക്ഷയുണ്ട്. ഇതിൽ പി. ജയരാജന് മാത്രമാണ് നിലവിൽ സുരക്ഷാ ഭീഷണിയുള്ളതെന്ന് പൊലീസ് വിലയിരുത്തുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ഗൺമാൻ സുരക്ഷയുടെ കാര്യത്തിൽ കൃത്യമായ പരിശോധന നടത്താൻ പൊലീസ് ആസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.

Photo and News Source: Malayalam Express