ആലപ്പുഴ വെൺമണിയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് രണ്ട് നൂറ്റാണ്ട് പഴക്കമുള്ള 200 കിലോ ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ പത്തനംതിട്ട തിരുവല്ല സ്വദേശി ശരത് പി.എസിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് താമസിക്കുന്ന വെൺമണി സ്വദേശിയുടെ ചെറുവല്ലൂരിലുള്ള വീട്ടിൽ നിന്നാണ് മോഷണം നടന്നത്. ചെമ്പ് പാത്രങ്ങൾക്ക് പുറമെ സ്റ്റീൽ, പിത്തള ടാപ്പുകൾ ഉൾപ്പെടെ രണ്ടര ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് ഇയാൾ കവർന്നത്.

ചെങ്ങന്നൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മോഷണസ്ഥലത്തിന് സമീപമുള്ള നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കുരമ്പാലയിൽ വെച്ച് സബ് ഇൻസ്‌പെക്ടർ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. മോഷണം പോയ സാധനങ്ങൾ ആക്രിക്കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 40-ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ശരത്. ഇലവുംതിട്ടയിലെ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ വീണ്ടും പിടിയിലാകുന്നത്. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. അന്വേഷണം വഴിതിരിച്ചുവിടാൻ മോഷണത്തിന് ശേഷം ഉപയോഗിച്ചിരുന്ന സിം കാർഡ് നശിപ്പിക്കുന്നത് ഇയാളുടെ പതിവ് ശൈലിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Photo and News Source: Kerala Kaumudi Latest