യുഎഇയിലെ ഏറ്റവും സമ്പന്നരായ വിദേശികളുടെ പട്ടിക ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തുവിട്ടു. വിവിധ മേഖലകളില്‍ യുഎഇയുടെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. റീട്ടെയ്ല്‍, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രമുഖരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിന്റെ സ്ഥാപകന്‍ ചാങ്പെങ് ഷാവോയാണ് 110 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ ഒന്നാമത്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ് 20.8 ബില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ളത്.
പട്ടികയില്‍ ഇടംപിടിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്. ആകെ ഒമ്പത് ഇന്ത്യക്കാരാണ് ഈ നേട്ടം കൈവരിച്ചത്. ഇവരുടെ ആകെ ആസ്തി 49.9 ബില്യണ്‍ ഡോളറാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്. 5.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള യൂസഫലി തന്നെയാണ് പട്ടികയിലെ ഏറ്റവും സമ്പന്നനായ മലയാളി.
രേണുക ജഗതിയാനി (5.6 ബില്യണ്‍ ഡോളര്‍), രവി പിള്ള (4.2 ബില്യണ്‍ ഡോളര്‍), സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), പിഎന്‍സി മേനോന്‍ (3.9 ബില്യണ്‍ ഡോളര്‍), ഷംഷീര്‍ വയലില്‍ (1.8 ബില്യണ്‍ ഡോളര്‍) എന്നിവരും പട്ടികയില്‍ ഇടംപിടിച്ച പ്രമുഖ ഇന്ത്യക്കാരാണ്. 81 വയസ്സുള്ള ത്രിവേണി ഗ്രൂപ്പ് ചെയര്‍മാന്‍ ധ്രുവ് സാഹ്നിയാണ് പട്ടികയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.
Photo and News Source: Dhanam










