തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടന്‍ വിജയ് നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. താന്‍ ദാരിദ്ര്യത്തിലൂടെയാണ് വളര്‍ന്നതെന്നും വിശപ്പിന്റെ വേദന തനിക്ക് അറിയാമെന്നും വിജയ് പ്രസംഗത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ മനു ജോസഫ്.
വിജയ്‌യും താനും ലയോള സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ സഹപാഠികളായിരുന്നുവെന്ന് മനു ജോസഫ് വെളിപ്പെടുത്തി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. വിജയ്‌യുടെ പിതാവ് ഒരു ചലച്ചിത്ര പ്രവര്‍ത്തകനായിരുന്നുവെന്നും മകന്റെ സിനിമാ ജീവിതം കെട്ടിപ്പടുക്കാന്‍ അദ്ദേഹം വലിയ പരിശ്രമം നടത്തിയിട്ടുണ്ടെന്നും മനു ജോസഫ് ചൂണ്ടിക്കാട്ടി. സിനിമയിലുള്ളവര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകാം, എന്നാല്‍ അത് തമിഴ്‌നാട്ടിലെ സാധാരണക്കാരുടെ യഥാര്‍ത്ഥ ദാരിദ്ര്യത്തിന് തുല്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ വിജയ് പറഞ്ഞത് താന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നത്, വിശപ്പ് എന്താണെന്ന് തനിക്കറിയാം എന്നാണ്. അത് ശുദ്ധ അസംബന്ധമാണ്. സമ്പന്നരായ പല കുട്ടികളും കയ്യില്‍ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്. രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്," മനു ജോസഫ് കുറിച്ചു. ദാരിദ്ര്യത്തില്‍ നിന്ന് സമ്പന്നതയിലേക്ക് വളര്‍ന്നുവെന്ന കഥകള്‍ ഇക്കാലത്തെ ഏറ്റവും വലിയ നുണകളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഞായറാഴ്ച നടന്ന ചടങ്ങില്‍, താന്‍ രാജകുടുംബത്തിലല്ല ജനിച്ചതെന്നും കഠിനാധ്വാനം ചെയ്ത ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ മകനായാണ് വളര്‍ന്നതെന്നും വിജയ് പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രശസ്തമായ 'സീരിയസ് മെന്‍' എന്ന നോവലിന്റെ രചയിതാവും നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'ഡീകപ്പിള്‍ഡിന്റെ' ക്രിയേറ്ററുമാണ് മനു ജോസഫ്.
Photo and News Source: Samakalika Malayalam










