പൊതുമേഖല എണ്ണക്കമ്പനികള്‍ പാചകവാതക സബ്‌സിഡി വിതരണത്തില്‍ കര്‍ശനമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉപഭോക്താക്കളെ സബ്‌സിഡി പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ എണ്ണക്കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മൊബൈലിലൂടെ അയച്ചുതുടങ്ങിയിട്ടുണ്ട്.
ആദായനികുതി വകുപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താവിനോ കുടുംബത്തിനോ വാര്‍ഷിക വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ സബ്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. 2015 ഡിസംബറില്‍ നിലവില്‍ വന്ന നിയമപ്രകാരം ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് സബ്‌സിഡി ലഭിക്കില്ലെന്ന വ്യവസ്ഥ നേരത്തെ തന്നെയുണ്ട്.
സന്ദേശം ലഭിച്ചവരില്‍ ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ പരാതികളോ എതിര്‍പ്പുകളോ ഉണ്ടെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ അത് അറിയിക്കേണ്ടതാണ്. 1800-2333-555 എന്ന ടോള്‍ ഫ്രീ നമ്പറിലോ എണ്ണക്കമ്പനികളുടെ ഔദ്യോഗിക പരാതി പരിഹാര പോര്‍ട്ടല്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാം. നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ സബ്‌സിഡി റദ്ദാക്കപ്പെടും.
നിലവില്‍ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് സിലിണ്ടറൊന്നിന് 24.50 രൂപയാണ് സബ്‌സിഡിയായി ലഭിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിപണിയിലുണ്ടായ പ്രതിസന്ധിയും എണ്ണക്കമ്പനികളുടെ സാമ്പത്തിക നഷ്ടവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഉയര്‍ന്ന വിലയ്ക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Photo and News Source: Dhanam








