തമിഴകത്തിന്റെ ദളപതി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് തിരുവനന്തപുരത്തെ ആരാധകർ. എൺപതിലേറെ വർഷത്തെ പാരമ്പര്യമുള്ള തിരുവനന്തപുരം സെൻട്രൽ തിയേറ്ററിലെ ജീവനക്കാരും വിജയ് ആരാധകരും ഒത്തുചേർന്നാണ് ഈ ചരിത്ര നിമിഷം ആഘോഷിച്ചത്. തിയേറ്ററിൽ സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് പാൽപ്പായസം വിതരണം ചെയ്താണ് ഇവർ തങ്ങളുടെ ആഹ്ളാദം പ്രകടിപ്പിച്ചത്.
സെൻട്രൽ തിയേറ്ററുമായി വിജയ് സിനിമകൾക്ക് വലിയൊരു ബന്ധമാണുള്ളത്. തമിഴ് താരങ്ങളിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത് ഈ തിയേറ്ററിലാണ്. സെൻട്രൽ തിയേറ്ററിന്റെ സഹോദര സ്ഥാപനമായ അജന്ത തിയേറ്ററിലും 'തുള്ളാതെ മനവും തുള്ളും', 'ഗില്ലി' തുടങ്ങിയ വിജയിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി സെൻട്രൽ തിയേറ്റർ മാനേജിംഗ് ഡയറക്ടർ ആർ.എസ്. മോഹൻദാസ് അറിയിച്ചു. സിനിമാ ലോകത്തുനിന്നും രാഷ്ട്രീയ നേതൃത്വത്തിലേക്ക് വിജയ് എത്തുന്നതിനെ വലിയ ആവേശത്തോടെയാണ് കേരളത്തിലെ ആരാധകരും നോക്കിക്കാണുന്നത്.
Photo and News Source: Kerala Kaumudi










