കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂർ ബ്ളാത്തൂരിൽ കിണറ്റിൽ വീണ പൂച്ചയെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. ബ്ളാത്തൂർ ഇല്ലത്തടത്ത് താമസിക്കുന്ന മുസ്‌തഫയുടെ വീട്ടിലെ കിണറ്റിലാണ് പൂച്ച വീണത്. 32 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് പൂച്ചയെ പുറത്തെടുക്കാൻ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഇരിട്ടി ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്.

വിവരമറിഞ്ഞ ഉടൻ തന്നെ ഇരിട്ടി ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറ്റിൽ വെള്ളം കുറവായിരുന്നത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അരുൺ കുമാർ ഏണി ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു.

കിണറിന്റെ പടവിൽ ഭയന്നു വിറങ്ങലിച്ച് ഇരുന്ന പൂച്ചയെ അരുൺ കുമാർ സുരക്ഷിതമായി പുറത്തെത്തിച്ചു. ഈ രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.വി. വിജേഷ്, ജസ്റ്റിൻ ജയിംസ്, ഹോം ഗാർഡുമാരായ രമേഷ്, സരീഷ് എന്നിവരും പങ്കാളികളായി. കൃത്യസമയത്ത് ഇടപെട്ട ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ നാട്ടുകാർ അഭിനന്ദിച്ചു.

Photo and News Source: Samakalika Malayalam